കാസർഗോഡ്: വടക്കൻ കേരളത്തിലെയും കർണാടകയുടെ തീരദേശത്തെയും കാലാവസ്ഥാ പ്രവചനങ്ങൾക്കു കൂടുതൽ കൃത്യത വരുത്തുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പിനു കീഴിൽ മംഗളൂരുവിൽ സ്ഥാപിച്ച സി-ബാൻഡ് ഡോപ്ലർ റഡാർ പ്രവർത്തനം തുടങ്ങി. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്.
250 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്താൻ കഴിയുന്ന റഡാറാണ് മംഗളൂരുവിൽ സ്ഥാപിച്ചത്. വടക്കൻ കേരളം, മംഗളൂരുവിനോടു ചേർന്നുള്ള അറബിക്കടലിന്റെ മേഖലകൾ, ലക്ഷദ്വീപ് തീരം, തീരദേശ കർണാടക എന്നിവ ഇതിന്റെ പരിധിയിൽ വരും.
ഇതുവരെ തീരദേശത്ത് തിരുവനന്തപുരത്തും കൊച്ചിയിലും അതുകഴിഞ്ഞ് ഗോവയിലുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിനു കീഴിൽ ഡോപ്ലർ റഡാറുകൾ ഉണ്ടായിരുന്നത്. കൊച്ചിയിലെയും ഗോവയിലെയും റഡാറുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്താണ് വടക്കൻ കേരളത്തിലെയും തീരദേശ കർണാടകയിലെയും കാലാവസ്ഥാ പ്രവചനം നടത്തിയിരുന്നത്. ദൂരം കൂടുതലായത് പലപ്പോഴും പ്രവചനങ്ങളുടെ കൃത്യതയെ ബാധിച്ചിരുന്നു.
അന്തരീക്ഷ മർദം, ആർദ്രത, താപനില തുടങ്ങിയ ഘടകങ്ങൾ റഡാറിലെ സിഗ്നലുകളുടെ സഹായത്തോടെ കൃത്യമായി രേഖപ്പെടുത്തി വിശകലനം ചെയ്താണു കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ഇവ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനം, മഴ, ചുഴലിക്കാറ്റ്, ന്യൂനമർദം, ഇടിമിന്നൽ എന്നിവയുടെ സാധ്യതകൾ പ്രവചിക്കാനാവും. ദൂരം കൂടുതലായതിനാൽ വടക്കൻകേരളവും തീരദേശ കർണാടകയുമായി ബന്ധപ്പെട്ട് താരതമ്യേന ദുർബലമായ സിഗ്നലുകൾ മാത്രമാണു കൊച്ചിയിലും ഗോവയിലും ലഭിച്ചിരുന്നത്.
മലയോരമേഖലകളിൽകൂടി കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിനു കീഴിൽ റഡാറിന്റെ നിർമാണം പൂർത്തിയാകുകയാണ്.